തിരുവനന്തപുരം: ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന തത്വങ്ങളില്‍ വെള്ളം ചേര്‍ത്ത് കാലക്രമേണ പദ്ധതിയെ ഇല്ലാതാക്കാനാണ് ബിജെപി സര്‍ക്കാരിന്റെ ശ്രമമെന്ന് മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി. സാമൂഹ്യനീതി ആക്രമിക്കപ്പെടുന്നതിന് തെളിവാണത്. അതിനെതിരേ ഗാന്ധിയന്‍ മാര്‍ഗത്തിലൂടെ ശക്തമായ പ്രക്ഷോഭം നടത്തേണ്ടതുണ്ടെന്നും എ.കെ. ആന്റണി പറഞ്ഞു.
കോണ്‍ഗ്രസിന്റെ 141-ാ മത് സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് സേവാദള്‍ വോളന്റിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച് കെപിസിസിയില്‍ പാര്‍ട്ടി പതാക ഉയര്‍ത്തിയ ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് കോണ്‍ഗ്രസിന്റെ ജന്മദിനം ആഘോഷിക്കാന്‍ പറ്റിയ അന്തരീക്ഷമല്ല. രാജ്യവ്യാപകമായി ശക്തമായി പ്രതിഷേധിക്കാനും ഇന്ത്യയെ രക്ഷിക്കാനുമുള്ള ഗാന്ധിയന്‍ സമരമാര്‍ഗത്തെക്കുറിച്ച് ആലോചിക്കേണ്ട സമയമാണ്. ഗാന്ധിജിക്ക് പകരം ഗോഡ്സയെ ഉയര്‍ത്തിക്കാട്ടാന്‍ ഭരണാധികാരികള്‍ ശ്രമിക്കുന്നു.
ഗാന്ധി മാര്‍ഗത്തിന് പകരം ജനങ്ങളെ ഭിന്നിപ്പിക്കുന്നു. പൗരന്മാരെ രണ്ടു തരമായി കാണുന്ന സവര്‍ക്കറാണ് രാഷ്ട്രനേതാവെന്ന് വിശ്വസിക്കുന്ന ഭരണകൂടം മൗലികാവകാശങ്ങളും സ്വാതന്ത്ര്യവും സമത്വവും നിഷേധിച്ച് ഭരണഘടനയെ പിച്ചിചീന്തുന്നുവെന്നും എ.കെ. ആന്റണി പറഞ്ഞു.
ബി.എസ്. ബാലചന്ദ്രന് രചിച്ച എ.കെ. ആന്റണി രാഷ്ട്രീയത്തിലെ സുവര്‍ണ സാന്നിധ്യം എന്ന പുസ്തകത്തിന്റെ പ്രകാശനം ചെറിയാന് ഫിലിപ്പിന് നല്കി എ.കെ. ആന്റണി നിര്‍വഹിച്ചു.
എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി, കെപിസിസി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ്, സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍, പന്തളം സുധാകരന്, കെപിസിസി ഭാരവാഹികളായ എം. വിന്‍സന്റ് എംഎല്‍എ, തുടങ്ങിയവര്‍ പങ്കെടുത്തു.
എ.കെ. ആന്റണിക്ക് പിറന്നാള്‍ ആശംസകള്‍ നേർന്ന് നേതാക്കൾ
തിരുവനന്തപുരം: പിറന്നാള്‍ ആഘോഷിക്കുന്ന എ.കെ. ആന്റണിക്ക് ആശംസകള്‍ നേര്‍ന്ന് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയും സോണിയാ ഗാന്ധിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും.
കെപിസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് സ്ഥാപകദിനാഘോഷ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ ആയിരുന്നു എ.കെ. ആന്റണിക്ക് ജന്മദിനാശംസകള് നേര്‍ന്ന് ഇവരുടെ ഫോണ്‍ സന്ദേശം. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥിന്റെ ഫോണിലേക്ക് വിളിച്ചാണ് എ.കെ. ആന്റണിക്ക് ദേശീയ നേതാക്കള്‍ ആശംസകള്‍ നേര്‍ന്നത്. ദീപാദാസ് മുന്‍ഷി, വി.എം. സുധീരന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും കെപിസിസി ഭാരവാഹികള്‍ക്കും ഒപ്പം പിറന്നാള്‍ കേക്കും ആന്റണി മുറിച്ചു.